Saturday, September 29, 2007

പറക്കുന്ന പാഠപുസ്തകങ്ങള്‍

പറക്കുന്ന പാഠപുസ്തകങ്ങള്‍
Written by കാളിയന്‍
http://kaaliyan25.blogspot.com/

നൂലുപോലെഴുകുന്ന സ്കൂള്‍ പൈപ്പിലെ വെളളം അവളുടെ കൈക്കുമ്പിളിലൂടെ നിറഞ്ഞൊഴുകുന്നത് അവള്‍ അറിഞ്ഞില്ല. ഉച്ചഭക്ഷണം ആര്‍ത്തിയോടെ വാരിയുണ്ണുന്ന കുട്ടികളെ അവള്‍ ആവേശത്തോടെ നോക്കിനിന്നു‍. വരണ്ട വിളറിയ കണ്ണില്‍ തലകീഴായി പതിക്കുന്ന ആ ദൃശ്യങ്ങളെ അവളുടെ മസ്തിഷ്ക്കം മനസിലാക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഒരിക്കലും കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്തെ ഛിന്നിച്ചിതറിയ ദര്‍പ്പണം പോലെയായിരുന്നു എല്ലാം. കുട്ടികളുടെ മുഷ്ടിക്കുള്ളില്‍ ഞെങ്ങിയമരുകയും, പിന്നെ ചെറുചെറു ഉരുളകളായി, പല്ലുകള്‍ക്കിടയില്‍ അരഞ്ഞില്ലാതാവാന്‍ എറിയപ്പെടുകയും ചെയ്യുന്ന ഭക്ഷണകണമെങ്കിലും ആവാന്‍ അവള്‍ കൊതിച്ചു, ഒരു നിമിഷം!കൈകളിലൂടെ നിറഞ്ഞൊഴുകുന്ന ക്ലോറിന്‍ വെള്ളത്തില്‍ പ്രതിഫലിച്ച സൂര്യപ്രകാശത്തിന് പോലും അവളുടെ മുഖത്തെ മ്ലാനത മാറ്റാന്‍ കഴിഞ്ഞില്ല. ഉച്ചനീചത്വങ്ങള്‍ക്കു നടുവില്‍ വെയിലേറ്റു നില്‍ക്കുമ്പോള്‍ തോന്നുന്ന പൊള്ളല്‍ അടിമനസില്‍ പിടിച്ചപ്പോള്‍ അവള്‍ ആര്‍ത്തിയോടെ വെള്ളം കുടിക്കാന്‍ തുടങ്ങി, പിടിവിട്ടു പുറത്തുവന്ന ഒരു ചെറിയ ഗദ്ഗദത്തോടെ!
അന്നനാളത്തിലൂടെ കുത്തിയൊഴുകിയ പൈപ്പുവെള്ളത്തിലെ ക്ലോറിന്‍ മണത്തില്‍ വെറിപൂണ്ട ആമാശയ കോശങ്ങള്‍ മുകളിലേക്ക് നോക്കി പ്രാകാന്‍ തുടങ്ങി. വിശന്നു മരവിച്ച അവളുടെ മസ്തിഷ്കം അവയൊന്നും ഗൌനിച്ചതേയില്ല.പായല്‍ പിടിച്ച പൈപ്പിന്‍ ചുവട്ടില്‍ കുട്ടികള്‍ ചുരുട്ടിയെറിഞ്ഞ ഭക്ഷണപ്പൊതികളും, ചിന്നിച്ചിതറിയ ചോറുമണികളും‍, അവിയലും സാമ്പാളും മുട്ടയും കൂടിക്കലര്‍ന്ന വാസനയും അവളുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഉച്ചഭക്ഷണം വിളമ്പി. അനാഥമായി കിടക്കുന്ന ആ ഭക്ഷണപൊതികള്‍ കണ്ട് അവളുടെ കണ്ണുനിറഞ്ഞു.
അനാഥത്വത്തിന്‍റെ വേദനകള്‍ വലിച്ചെറിയപ്പെട്ട ഭക്ഷണപൊതികളില്‍ നിന്ന് വമിക്കുന്നുണ്ടായിരുന്നു.എച്ചില്‍ചാലിലൂടെ തത്തിത്തത്തിയൊഴുകുന്ന ചോറുമണികളും, അവയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ചട്ടമ്പിത്തരം കാണിക്കുന്ന മുരിങ്ങാ ചണ്ടിയും, ഞെക്കി നിറം പോയ നാരങ്ങയും അവളില്‍ ഏറെ കൌതുകമുണര്‍ത്തി.
കുട്ടികള്‍ തിരിച്ചുപോകുന്നതും കാത്ത് കോങ്കണ്ണിലൂടെ സമയമെണ്ണിയിരിക്കുന്ന കാക്കകളുടെ മുറുമുറുപ്പും, റഫ്രിയുടെ വിസില്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്ന ഓട്ടക്കാരെപ്പോലെ കാക്കകള്‍ കാണിക്കുന്ന തയാറെടുപ്പുകളും കണ്ട് അവള്‍ക്ക് ചിരിവന്നു. ഇത്തരം ചിരികള്‍ അവള്‍ക്ക് പതിവായിരുന്നു. ചങ്കിലൂടെയും, പിന്നെ ഇടനെഞ്ചിലൂടെയും യാഥാര്‍ത്ഥ്യങ്ങള്‍ ഇടിവാള്‍ അടിച്ചുകയറ്റുമ്പോഴും ചെറുതേ ചിരിക്കുക, അതും അപ്രധാനമായ സന്ദര്‍ഭങ്ങളില്‍...!!
നിസാരമായ കാര്യങ്ങള്‍ പോലും തമാശയായി അനുഭവപ്പെട്ടേക്കാം, അത് ഓര്‍ത്തോര്‍ത്ത് വീണ്ടും വീണ്ടും ചിരിച്ചേക്കാം! ക്ഷണികമായ ആ സ്വപ്ന സീമകള്‍ക്കൊടുവില്‍ സ്വന്തം നിഴലുകള്‍ തന്നെ കാണേണ്ടി വരുമ്പോള്‍, ഞരമ്പുകള്‍ വലിഞ്ഞ് മുറുകുന്നതുവരെ കീഴ്ച്ചുണ്ട് കടിച്ചമര്‍ത്തി നിന്നുപോകാറുണ്ട്... തനിയേ! അവള്‍ കാക്കകളെത്തന്നെ നോക്കി നിന്നു.ഒരു കാക്കയായിരുന്നെങ്കില്‍...!
യഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് താല്‍ക്കാലികമായിട്ടെങ്കിലും രക്ഷപ്പെടാന്‍ ആവിഷ്കരിക്കാവുന്ന സ്വപ്നങ്ങളെ അവള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഒരിക്കലും സാധിക്കാത്ത സ്വപ്നങ്ങള്‍ കാണാന്‍ ആരുടെയും അനുവാദം വേണ്ടല്ലോ! അനന്തമായ വിഹായസില്‍ പറവയെപ്പോലെ പറക്കാന്‍ ശ്രമിച്ചു നോക്കുന്നതു തന്നെ എത്ര മനോഹരമാണ്... ഞാന്‍ എന്ന ബോധമില്ലാത്ത വാനമേഘങ്ങളിലൂടെ തെന്നിക്കളിക്കണം... പിന്നെ ചിറകുകള്‍ തളര്‍ത്തി അസ്ത്രം പോലെ ഭൂമിയിലേക്ക് തിരികെ പതിക്കണം...
നിലം മുട്ടാറാവുമ്പോള്‍ സര്‍വ്വശക്തിയുമെടുത്ത് വീണ്ടും പറന്നുയരണം... ഗാഢനിദ്രയുടെ അബോധാവസ്ഥയില്‍ വിരിയുന്ന സ്വപ്നങ്ങളില്‍ പോലും വേഷപ്പകര്‍ച്ചകള്‍ ഒന്നുമില്ലാതെ “അവളായ്” തന്നെ അഭിനയിക്കേണ്ടി വരുന്ന ഭീകരതയെ അവള്‍ ഭയപ്പെട്ടിരുന്നു.
ബോധപൂര്‍വ്വം സ്വപ്നം കാണാന്‍ അവള്‍ കൊതിച്ചു, തനിക്കിഷ്ടപ്പെട്ട വേഷങ്ങള്‍ കെട്ടാന്‍!ഭക്ഷണപ്പൊതികള്‍ ചിക്കിച്ചിതറുന്ന കാക്കകള്‍ക്കിടയില്‍ അവള്‍ ചെന്നിരുന്നു. കൈകള്‍ ചുരുട്ടി മുതിര്‍ന്ന കാക്കകളെ അവള്‍ വിരട്ടിലോടിച്ചു. പിന്നെ ആരോ വലിച്ചെറിഞ്ഞ ഭക്ഷണപ്പൊതി കൊത്തിയെടുത്ത് ചിറകുകള്‍ വിരിച്ച് അവള്‍ പറന്നുയര്‍ന്നു... അങ്ങ് ദൂരെ... ഏതോ മരക്കൊമ്പില്‍ സ്വസ്ഥമായിരുന്നു പൊതിയഴിക്കാന്‍... പിന്നെ വിശപ്പടങ്ങുന്നതുവരെ ഭക്ഷണ ശകലങ്ങള്‍ കൊത്തിപ്പറിക്കാന്‍...!!

1 comment:

സഹയാത്രികന്‍ said...

"ആരോ വലിച്ചെറിഞ്ഞ ഭക്ഷണപ്പൊതി കൊത്തിയെടുത്ത് ചിറകുകള്‍ വിരിച്ച് അവള്‍ പറന്നുയര്‍ന്നു... അങ്ങ് ദൂരെ... ഏതോ മരക്കൊമ്പില്‍ സ്വസ്ഥമായിരുന്നു പൊതിയഴിക്കാന്‍... പിന്നെ വിശപ്പടങ്ങുന്നതുവരെ ഭക്ഷണ ശകലങ്ങള്‍ കൊത്തിപ്പറിക്കാന്‍...!!"
നന്നായിരിക്കുന്നു...
:)